തിരുവനന്തപുരം: കേരളത്തെ വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ 'ഐടി നയം 2026' പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ചിപ്പ് ഡിസൈനിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വൻ നിക്ഷേപം ആകർഷിക്കാനാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി മേഖലയിൽ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ ആകെ ഐടി കയറ്റുമതിയുടെ പത്ത് ശതമാനം വിഹിതം കേരളത്തിന് സ്വന്തമാക്കുക. സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തുക.
കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടമായി 'സൈബർ വാലി' എന്ന പേരിൽ പുതിയ ഐടി ടൗൺഷിപ്പ് വികസിപ്പിക്കും. 300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 30 കോടി രൂപ അനുവദിച്ചു. ഐടി പ്രൊഫഷണലുകൾക്ക് സ്വന്തം വീടിന് അടുത്തായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുടനീളം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 150 കോടി രൂപ നീക്കിവെച്ചു.
ഐടി പാർക്കുകളുടെ വികസനത്തിനായി പ്രത്യേക 'ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്' രൂപീകരിക്കും. ലാൻഡ് പൂളിംഗ് വഴി കൂടുതൽ ഭൂമി ഐടി വികസനത്തിനായി ഏറ്റെടുക്കും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. കെ-ഫോൺ വഴി എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കും.